സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പിറവന്തൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിനിലൂടെ ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക, മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ തരംതിരിച്ച് ശേഖരിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, ശാസ്ത്രീയ മാലിന്യപരിപാലനം ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ശുചിത്വശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി വൃത്തിയുള്ളതും ആരോഗ്യകരവുമായ നാട് കെട്ടിപ്പടുക്കാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.